This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്രോംവെല്‍, തോമസ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്രോംവെല്‍, തോമസ്

Cromwell, Thomas (1485? - 1540)

ബ്രിട്ടീഷ് രാജ്യതന്ത്രജ്ഞന്‍. ലണ്ടനു സമീപം പുട്ട്ണി (Putney) യില്‍ ജനിച്ചു. ഫ്രഞ്ചുപട്ടാളത്തില്‍ ചേര്‍ന്ന തോമസ് ക്രോംവെല്‍ 1504-ല്‍ ഇറ്റലിയില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. അവിടെവച്ച് യൂറോപ്യന്‍ രാജ്യങ്ങളുടെ നയതന്ത്ര പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞു. 1513-ല്‍ ക്രോംവെല്‍ ഇംഗ്ലണ്ടിലേക്കു മടങ്ങി. വൂള്‍സ്ലിയുടെ അസിസ്റ്റന്റായാണ് പിന്നീട് പൊതുപ്രവര്‍ത്തനരംഗത്തു വന്നത്. 1529-ല്‍ ക്രോംവെല്‍ ഇംഗ്ലണ്ടിലെ 'റെഫര്‍മേഷന്‍ പാര്‍ലമെന്റി'ലേക്കു തിരഞ്ഞെടുക്കപ്പെട്ടു. 1532 ആയപ്പോഴേക്കും ഇദ്ദേഹം ഹെന്റി VIII-ന്റെ മുഖ്യമന്ത്രിയായി. ഇംഗ്ലണ്ടിനെ ഹെന്റി VIII-ന്റെ കീഴില്‍ ശക്തമായ ഒരു സാമ്രാജ്യമാക്കുകയെന്ന ലക്ഷ്യമായിരുന്നു ക്രോംവെലിനുണ്ടായിരുന്നത്. സാമൂഹികവും സാമ്പത്തികവും മതപരവുമായ നിരവധി ഭരണപരിഷ്കാരങ്ങള്‍ ഇദ്ദേഹം നടപ്പിലാക്കി. മതത്തിനുമേല്‍ രാജാവിനുള്ള പരമാധികാരം സ്ഥാപിക്കുന്നതിലും റോമിന്റെ നിയന്ത്രണത്തില്‍ നിന്നു സ്വതന്ത്രമായി ചര്‍ച്ച് ഒഫ് ഇംഗ്ലണ്ട് സ്ഥാപിക്കുന്നതിലും ഇദ്ദേഹം വിജയിച്ചു. പ്രൊട്ടസ്റ്റന്റ് രീതിയിലുള്ള പരിഷ്കാരങ്ങള്‍ കൊണ്ടുവന്നത് ഇദ്ദേഹമായിരുന്നു. 1535-ല്‍ മതകാര്യ ഉപദേഷ്ടാവായി നിയമിക്കപ്പെട്ടതിനെത്തുടര്‍ന്ന് ഇദ്ദേഹം മതസ്ഥാപനങ്ങളുടെ സ്വത്തുക്കള്‍ സര്‍ക്കാരിലേക്കു കണ്ടുകെട്ടുകയുണ്ടായി. 1536-ല്‍ തോമസ് ക്രോംവെലിനു ബാരണ്‍ പദവി ലഭിച്ചു. 1540-ല്‍ എസക്സിലെ ഏള്‍ (Earl) ആയി. ആനി ഒഫ് ക്ലിവിനെ ഹെന്റി VIII-ന്റെ ഭാര്യയായി തെരഞ്ഞെടുത്തതിനെത്തുടര്‍ന്ന് രാജാവിന് ക്രോംവെലിനോട് അതൃപ്തി തോന്നുകയും രാജദ്രോഹക്കുറ്റം ചുമത്തി 1540 ജൂല. 28-ന് ടവര്‍ഹില്ലില്‍ വധിക്കുകയും ചെയ്തു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍